Healthy Food

ശരീരഭാരം കുറയ്ക്കാം? ചോറ് ഇങ്ങനെ കഴിച്ചു നോക്കൂ.. പക്ഷേ കഴിക്കേണ്ടതെപ്പോൾ?

ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായും പ്രമേഹമുള്ളവരും അരി ആഹാരം ഒഴിവാക്കുകയാണ് പതിവ്. അന്നജം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഡയറ്റ് നോക്കുന്നവര്‍ക്ക് മിതമായി കഴിച്ചില്ലെങ്കില്‍ അരി വില്ലനാകും. പല ഫിറ്റ്‌നെസ് ഡയറ്റ് ട്രെന്‍ഡുകളിലും അരിക്ക് പകരമായി നാരുകളും പ്രോട്ടീനും അടങ്ങിയട്ടുള്ള ക്വിനോവ അല്ലെങ്കില്‍ ഓട്‌സ് ആവും ഉള്‍പ്പെടുത്തുക. എന്നാൽ ശരിയായ സമയത്ത് കഴിച്ചാൽ അരി ആരോഗ്യകരമാണ്.

ചോറ് കഴിക്കേണ്ടതെപ്പോൾ?

മലയാളി ഏതുസമയവും അരിഭക്ഷണം കഴിക്കുമെങ്കിലും, ചോറ് ഉച്ചഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. അരിയിലെ ബി വൈറ്റമിനുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കും. കാലറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും വയര്‍നിറഞ്ഞതായി തോന്നിക്കാനും സഹായിക്കും . ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ റെഡ് റൈസിന്റെ അത്ര പോഷകങ്ങള്‍ അടങ്ങിയിട്ടില്ലെങ്കിലും വൈറ്റ് റൈസാണ് അധികം ആളുകള്‍ കഴിക്കുന്നത്.

പതിവായി വൈറ്റ് റൈസ് കഴിക്കുന്നത് പ്രമേഹത്തിന് നല്ലതല്ല. ബ്രൗണ്‍റൈസിലും റെഡ് റൈസിലും ധാരാളം നാരുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പതിവായി ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ രാത്രിയില്‍ ചോറ് ഉണ്ണുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചോറ് പെട്ടെന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വര്‍ദ്ധിക്കുകയും ചെയ്യുന്നു. മാത്രമല്ല, രാത്രിയില്‍ ശരീരം പോഷകങ്ങളെ ആഗിരണം ചെയ്യുന്നില്ല.

എന്നാല്‍ അരിയാഹാരം പൂര്‍ണമായും ഒഴിവാക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുമാത്രം. ശരീരഭാരം കുറയ്ക്കാനായി ദിവസവും ഒരു കപ്പ് ചോറ് മാത്രം കഴിക്കാനായി ശ്രദ്ധിക്കുക. പാചകരീതിക്കും പ്രാധാന്യമുണ്ട്. വേവിച്ചതോ ആവിയില്‍ പുഴുങ്ങിയതുമായ അരിയാഹാരം കഴിക്കുക. ധാരാളം വെള്ളത്തില്‍ അരി വേവിക്കുക.ഇങ്ങനെ ചെയ്താല്‍ സ്റ്റാര്‍ച്ച് പോകും. അധികമുള്ള വെള്ളം ഊറ്റികളയുക.

ചോറിനോടൊപ്പം അതേ അളവില്‍ പരിപ്പും സാലഡും പച്ചക്കറികളും കഴിക്കാം. ചോറിനൊപ്പം നാരുകള്‍ ധാരാളമടങ്ങിയ പച്ചക്കറികളും സാലഡുകളും പ്രോട്ടീന്‍ അടങ്ങിയ പനീര്‍, മുട്ട എന്നിവയും കഴിക്കാം.