കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തിന്റെ പലഭാഗത്തും വന്യ ജീവി ആക്രമണം അതിരൂക്ഷമായി വരുകയാണ്. ആനയും കടുവയും പുലിയും സിംഹവുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ആളുകൾക്കിടയിൽ കടുത്ത ഭീതി സൃഷ്ടിക്കുകയാണ്. നിരവധി മനുഷ്യർക്കാണ് ഇവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വയനാട്ടിൽ ആദിവാസി വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ വാർത്ത കേരളത്തെ ആകെ തളർത്തിയത്. ഇപ്പോഴിതാ സമാനമായ ഏറെ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് അങ്ങ് യുപിയിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഉത്തർപ്രദേശിലെ പിലിഭിത്തിലെ വയലിൽ ഒരു കർഷകൻ കടുവയ്ക്കുമുന്നിൽ നേർക്കുനേർ പെട്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണിത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് എക്‌സിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
42 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, കൃഷിയിടത്തിനു സമീപമുള്ള പാതയോരത്തു ഒരു കർഷകൻ തൻ്റെ ബൈക്കിൽ ഇരിക്കുന്നതും മറ്റൊരാൾ അയാളുടെ അരികിൽ നിൽക്കുന്നതുമാണ് കാണുന്നത്. എന്നാൽ ഇവർ നിൽക്കുന്നതിന്റെ ഏതാനും ചുവടുകൾ മാത്രം അകലെയുള്ള ഒരു കരിമ്പിൻ തോട്ടത്തിൽ ഒരു കടുവ പതുങ്ങിനിൽക്കുകയാണ്., വീഡിയോ കാണുന്ന ഏതൊരാളെയും സ്തബ്ദനാക്കുന്ന നിമിഷമാണിത്.
കടുവയെ കണ്ടതും ആദ്യം, കർഷകൻ അനങ്ങാതെ മരവിച്ചുപോയ അവസ്ഥയായിരുന്നു. , എന്നാൽ കടുവ തൻ്റെ അടുത്തേക്ക് നീങ്ങാൻ തുടങ്ങിയെന്ന് അയാൾ മനസിലാക്കിയതോടെ അയാൾ പോകാനായി തിടുക്കത്തിൽ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
വളരെയധികം പിരിമുറുക്കം സൃഷ്‌ടിച്ച ഈ മുഹൂർത്തത്തിൽ കർഷകനരികിലേക്ക് നടന്നുനീങ്ങിയ കടുവ ഒടുവിൽ നടത്തം മതിയാക്കി ആ പാതയോരത്തു ഇരിക്കുന്നതും തുടർന്ന് താൻ ആരെയും കണ്ടിട്ടില്ല എന്ന മട്ടിൽ വിശ്രമിക്കുന്നതുമാണ് കാണുന്നത്. കടുവയുടെ പെട്ടന്നുള്ള മാറ്റം കർഷകനും ആശ്വാസമായി. ഓടി രക്ഷപെടാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത അയാൾ അൽപനേരം അവിടെ വീണ്ടും നിൽക്കുന്നതാണ് കാണുന്നത്.
“ഒരു കർഷകനും കടുവയും നേർക്കുനേർ. ഇതാണ് സഹവർത്തിത്വം. പിലിഭിത്തിൽ നിന്ന് പകർത്തിയത് ” എന്ന് കുറിച്ചുകൊണ്ടാണ് കസ്വാൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് ഹൃദയം നിലച്ചുപോകുന്ന നിമിഷത്തെ കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തിയത്.
“ഈ തവണ എന്തോ ഭാഗ്യം ഉണ്ടായിരുന്നു. എല്ലാ തവണയും ഇങ്ങനെ ആകണമെന്നില്ല. ചില അതിരുകളെ മാനിക്കുമ്പോഴും ഉപജീവനത്തിന് മതിയായ മാർഗങ്ങൾ അനുവദിക്കുമ്പോഴും സഹവർത്തിത്വം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു,” ഒരു ഉപയോക്താവ് പറഞ്ഞു.
“ഭയങ്കരവും എന്നാൽ അതിശയകരവും” എന്നാണ് മറ്റ് പലരും വീഡിയോയെ വിശേഷിപ്പിച്ചത്.
കടുവയെ ശല്യപ്പെടുത്താതിരിക്കാൻ വീഡിയോ റെക്കോർഡ് ചെയ്ത കർഷകനെയും മറ്റുള്ളവരെയും ഉപയോക്താക്കളിൽ ഒരാൾ പ്രശംസിച്ചു.
“യഥാർത്ഥത്തിൽ ഇരുപക്ഷത്തെയും അഭിനന്ദിക്കേണ്ടതുണ്ട്. ഒരു ശല്യവുമില്ലാതെ പരസ്പരം ശാന്തവും ബഹുമാനവും നൽകുക,” മറ്റൊരു ഉപയോക്താവ് പറഞ്ഞു.