Healthy Food

ലോകത്തിലെ ഏറ്റവും വിലയേറിയ ഉപ്പ് ഇതാ, കിലോയ്ക്ക് 30,000 രൂപ, കാരണമറിയണ്ടേ?

ഉപ്പ് അടുക്കള സാധനങ്ങളില്‍ ഏറ്റവും വില കുറഞ്ഞ ഒന്നാണ് . വെളുത്ത ഉപ്പ്, പിങ്ക് ഉപ്പ്, കറുത്ത ഉപ്പ്, റോക്ക് സോള്‍ട്ട് തുടങ്ങി ഉപ്പുകള്‍ പല വിധമാണ്. എന്നാല്‍ കേവലം ഒരു കിലോയ്ക്ക് 30,000 രൂപ വിലവരുന്ന ഉപ്പിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഈ ഉപ്പിന്റെ പേര് കൊറിയന്‍ ബാംബൂ സാള്‍ട്ട് എന്നാണ്.’ജുഗ്യോം’ എന്നും ഇതിന് പേരുണ്ട്.

ആയിരം വര്‍ഷം പഴക്കമുള്ള കൊറിയന്‍ ബുദ്ധ സന്യാസി പാരമ്പര്യം അനുസരിച്ച് ഉയര്‍ന്ന പരിശുദ്ധിയും ക്ഷാരത്വവുമുള്ളതും ധാതു സമ്പുഷ്ടമാണ് ഈ ഉപ്പ്. പര്‍പ്പിള്‍ നിറത്തിലാണ് ഈ ഉപ്പ് കാണപ്പെടുന്നത്. പല കൊറിയന്‍ വീടുകളിലും പാചകത്തിനും ഔഷധമായും ഇത് ഉപയോഗിച്ച് വരുന്നുണ്ട്.

ഏതാണ്ട് 50 ദിവസത്തോളം വരുന്ന പ്രക്രിയയിലൂടെയാണ് ഈ ഉപ്പ് നിര്‍മിക്കുന്നത്. പൊള്ളയായ മുളക്കുഴലുകളില്‍ കടല്‍ ഉപ്പ് നിറച്ച് ഉയര്‍ന്ന തീയില്‍ വറത്തെടുക്കുന്നതാണ് ഈ പ്രക്രിയ. അങ്ങനെ മുളയിലെ ധാതുക്കള്‍ ഉപ്പിലേക്ക് സന്നിവേശിപ്പിക്കുന്നു. ഇത് ചെയ്യുന്നതാവട്ടെ 800 മുതല്‍ 1500 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ്.

ചൂട് കാരണം ഉപ്പ് ദ്രാവകത്തിന്റെ രൂപത്തില്‍ ഉരുകുകയും. തണുക്കുമ്പോള്‍ ദൃഢമാകുകയും ചെയ്യുന്നു. ഈ പ്രക്രിയ 9 തവണയാണ് ആവര്‍ത്തിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ കൊറിയന്‍, ഹെര്‍ബലിസ്റ്റും രോഗശാന്തിക്കാരനുമായ കിം ഇല്‍ ഹൂണ്‍ ആണ് ഇത്തരത്തില്‍ ഉപ്പ് ഉണ്ടാക്കുന്നത് ആദ്യമായി കണ്ടെത്തുന്നത്. ഈ ഉപ്പില്‍ ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയട്ടുണ്ട്.

കടല്‍ മലിനീകരണം കാരണം സാധാരണ നാം ഉപയോഗിക്കുന്ന ഉപ്പില്‍ മൈക്രോപ്ലാസ്റ്റിക് പോലുള്ള വസ്തുക്കളും ലെഡ് കാഡ്മിയം മെര്‍ക്കുറി ആര്‍സെനിക് തുടങ്ങിയ പല ഘന ലോഹങ്ങളും അടങ്ങിയിരിക്കുന്നു. ഇവയുടെ സാന്നിധ്യം ഹാനികരമായ പല പ്രത്യാഘാതങ്ങളും ആരോഗ്യത്തിന് ഉണ്ടാക്കുന്നു.

എന്നാല്‍ ബാംബു സാള്‍ട്ടിന്റെ ഉല്‍പാദന പ്രക്രിയയില്‍ ഈ വിഷവസ്തുക്കള്‍ ബാഷ്പീകരിച്ച് നീക്കം ചെയ്യുന്നു. മറ്റ് ലവണങ്ങളെ ഉപയോഗിച്ച് ദോഷകരമായ വൈറസുകളെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്. അങ്ങനെ ശരീരത്തിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുന്നു. പല ആന്റിഓക്‌സിഡന്റ് എന്‍സൈമുകളെ സജീവമാക്കുന്നതിലൂടെ ഈ ഉപ്പ് ഒരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. കാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനായി ഇത് ശരീരത്തിനെ സഹായിക്കുമെന്നും പല പഠനങ്ങളും പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *