Celebrity

തലയുടെ പിറകില്‍ അമ്പത്തിയേഴ് സ്റ്റിച്ചുണ്ട്, അര്‍ബുദത്തെ അതിജീവിച്ചതിനെപ്പറ്റി ആൻസൻ പോൾ

ശരീരത്തെ കാർന്നു തിന്നുന്ന ഒരു നീരാളി, പലപ്പോഴും അർബുദം എന്നത് അങ്ങനെയാണ്. അതിനെ പൊരുതി തോൽപിച്ചു ജീവത്തിലേക്ക് നടന്നു കയറിയവർ ഒരുപാടാണ്. പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചവരും കുറവല്ല. എന്നാൽ അതിജീവിച്ച് വന്നവരൊക്കെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ട്. സത്യത്തിൽ ഒരു രണ്ടാം ജന്മം എന്ന് പോലും അതിനെ വിളിക്കാം.

സെലിബ്രിറ്റികൾക്കിടയിലും ഇങ്ങനെ രണ്ടാമൂഴം കിട്ടിയവർ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയാവുന്ന ഒരാളാണ് അഭിനേതാവായ ആൻസൻ പോൾ. ബ്രെയിൻ ട്യൂമറിനെയാണ് ആൻസൻ അതിജീവിച്ചത്. മമ്മൂട്ടി നായകനായി 2018 ല്‍ തിയേറ്ററിലെത്തിയ അബ്രഹാമിന്റെ സന്തതികളിൽ മമ്മൂട്ടിയുടെ അനിയൻ വേഷം ചെയ്തത് അന്ന് പുതുമുഖമായിരുന്ന ആൻസൻ പോളായിരുന്നു.

മോഡലിംഗ് രംഗത്തു സജീവമായ ആന്‍സണ്‍ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 2013മുതലാണ് സിനിമാരംഗത്ത് സജീവമായത്. ബൈജു ജോണ്‍സണ്‍ സംവിധാനം നിര്‍വഹിച്ച കെ.ഖ്യു എന്ന ചിത്രത്തില്‍ സഹ സംവിധായകനായാണ് സിനിമാ ജീവിതത്തിലേക്ക് എത്തുന്നത്. ശിവകാര്‍ത്തികേയന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കൊപ്പം ‘റെമോ’ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. തിയേറ്ററില്‍ പ്രദർശനം തുടരുന്ന മാർക്കോയിലും ആൻസണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ തനിക്കു കിട്ടിയ ജീവിതം ഒരു രണ്ടാമൂഴമായിട്ടാണ് താന്‍ കാണുന്നത് എന്ന് പറയുകയാണ് ആൻസൻ പോള്‍.
“ഒരു സെക്കന്റ് ചാന്‍സ് കിട്ടിയ ഞാന്‍ അനുഗ്രഹീതനാണെന്നാണ് എപ്പോഴും തോന്നാറുള്ളത്. സര്‍ജറിക്ക് പോകുമ്പോൾ തിരിച്ച്‌ വരുമോ ഇല്ലയോയെന്ന് അറിയില്ലായിരുന്നു. സര്‍ജറിക്ക് മുമ്പുള്ള ആറ് മാസം ഞാൻ എല്ലാ സിനിമാ നടന്‍മാരെയും കാണാന്‍ പോയിരുന്നു.

മരണത്തെ എനിക്ക് പേടിയില്ലായിരുന്നു. സര്‍ജറിക്ക് മുമ്പ് ആറ് മാസം എനിക്ക് സമയം കിട്ടി. ആ സമയത്ത് ഞാന്‍ ചെക്ക്‌ലിസ്റ്റിട്ടു. യാത്രകളടക്കം പലതും ചെയ്തു. അതില്‍ ഒന്ന് എല്ലാ സിനിമാ നടന്മാരെയും കാണണം എന്നതായിരുന്നു. ആ സമയത്തായിരുന്നു രാജുവേട്ടന്റെ (പൃഥ്വിരാജ്) വിവാഹം. രാജുവേട്ടന്റെ അമ്മ മല്ലിക ആന്റിയുടെ സഹോദരൻ പിള്ള അങ്കിൾ ഡോക്ടർ ആണ്. അദ്ദേഹം വഴി കല്യാണക്കുറി ഒപ്പിച്ച്‌ ആ വിവാഹത്തില്‍ പങ്കെടുത്ത് എല്ലാ താരങ്ങളെയും കണ്ടു. ശേഷമായിരുന്നു സര്‍ജറി. പിന്നീട് കുറേ സ്ഥലങ്ങളിലേക്ക് യാത്ര പോയി. സർജറി കഴിഞ്ഞു ഒരു ആറു മാസത്തോളം ബെഡ് റിഡൻ ആയിരുന്നു.

അതുകഴിഞ്ഞു ഒരിക്കൽ എയർപോർട്ടിൽ വച്ച് മംമ്ത മോഹൻദാസിനെ കണ്ടു. മംമ്ത ശരിക്കുമൊരു ഇന്‍സ്പിരേഷനാണ്. രാജുവേട്ടന്റെ വിവഹത്തിന്റെ റിസപ്ഷൻ സമയത്ത് ഞാൻ മംമ്തയുടെ തൊട്ട് പിന്നിലായിരുന്നു നിന്നിരുന്നത്. എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ ഞാൻ ഫോട്ടോസ് ഒക്കെ കാണിച്ചു. ഞാൻ ഇങ്ങനെയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സർജറി കഴിഞ്ഞു മുടിയൊക്കെ പോയി ലുക്ക്‌ മാറിയതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ഞങ്ങൾ അന്ന് കുറെ സംസാരിച്ചു. സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടെന്നു പുള്ളിക്കാരിയോട് പറഞ്ഞു. അങ്ങനെ ‘തടിയാരാ താക്ക’ എന്ന തമിഴ് സിനിമയുടെ ലൊക്കേഷനിൽ കൊണ്ട് പോയി. ആദ്യമായി ഒരു സിനിമ ഷൂട്ടിംഗ് അടുത്തിരുന്നു കാണുന്നത് അന്ന് മംമ്തയ്ക്കൊപ്പമിരുന്നാണ്.

നമുക്ക് ചുറ്റും ഒരുപാട് നല്ല ആളുകൾ ഉണ്ട്. ചിലരൊക്കെ നമ്മൾ എക്സ്പെക്ട് ചെയ്യുന്നതിലും കൂടുതൽ നല്ലവരായിരിക്കും. ഇതൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അങ്ങനെ ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. നല്ലതും നല്ലതല്ലാത്തതും. അതിൽ നല്ലതിനെ കൂടെ കൂട്ടുക. അല്ലാത്തവ ഡിലീറ്റ് ചെയ്യുക.
പത്ത് വര്‍ഷം മുമ്പാണ് സര്‍ജറി അടക്കം എല്ലാം നടന്നത്. സർജറി ആയ സമയമാണ് ഞാൻ വീട്ടിൽ പോലും ഇക്കാര്യം പറയുന്നത് ചില സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു. അമ്മയോട് ഞാന്‍ അസുഖത്തെ പറ്റി പറഞ്ഞിരുന്നില്ല. എന്റെ സുഹൃത്തിന് ഇങ്ങനൊരു അസുഖമുണ്ട് എന്നാണ് പറഞ്ഞത്. എന്നെ സ്‌നേഹിക്കുന്നവര്‍ സങ്കടപെടുന്നത് കാണാന്‍ കഴിയാത്തൊരാളാണ് ഞാന്‍. ഒരു പോള പോലെ കോൺഫിഡൻസ് കൊണ്ട് നടക്കുന്നവർ ആണ് എല്ലാവരും. നമ്മളെ സ്നേഹിക്കുന്നവർ വേദനിച്ചാൽ അതു തകർന്നു പോകും. അതുകൊണ്ട് ഞാൻ ആരോടും വേദന പങ്കിടാറില്ല. ഈയടുത്ത് ആരോ ചെയ്ത റീൽസ് വീഡിയോ വഴിയാണ് ഒരുപാട് പേർ എന്റെ കാര്യം അറിഞ്ഞത്… ” ആൻസൻ പോൾ പറയുന്നു.

“ഒരു രണ്ടാമൂഴമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അസുഖത്തിന്റെ ഭാഗമായി വന്ന മാര്‍ക്കാണ് നെറ്റിയിലേത്. തലയുടെ പിറകില്‍ അമ്പത്തിയേഴ് സ്റ്റിച്ചുണ്ട്, അത് വേറെ കാര്യം. സര്‍ജറി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ നടക്കാനൊക്കെ തുടങ്ങിയത്. സിനിമയാണ് ട്രൈ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ സ്‌കിന്നിലെ പാട് കളയാന്‍ ചികിത്സ നല്‍കാമെന്ന് പലരും പറഞ്ഞു. പിന്നെ ഞാന്‍ കരുതി മാര്‍ക്ക് അവിടെ തന്നെ ഇരുന്നോട്ടെയെന്ന്. എനിക്ക് ദിവസവും കാണാമല്ലോ. പ്രതീക്ഷിക്കാത്ത സമയത്താണ് ട്യൂമറാണെന്ന് ഞാന്‍ അറിയുന്നത്. എനിക്ക് എഞ്ചിനീയറിങ് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു. ഞാന്‍ കോളേജില്‍ കുറച്ച്‌ ബെടക്കായിരുന്നു. ഒരു വര്‍ഷക്കാലം മാത്രമെ പഠിച്ചുള്ളു. ബാക്കി സമയമെല്ലാം സസ്‌പെന്‍ഷനിലായിരുന്നു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി ഞാന്‍ ജീവിച്ച കാലഘട്ടമായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോൾ അടിയുണ്ടാകും. അങ്ങനെ അടിയുണ്ടാക്കിയപ്പോള്‍ തിരിച്ചും അടി കിട്ടി. അതില്‍ തലയില്‍ മുറിവുണ്ടായി. അങ്ങനെ സിടി സ്‌കാന്‍ എടുത്തപ്പോഴാണ് ട്യൂമര്‍ കണ്ടെത്തിയത്. അതൊരു നിമിത്തമായിരുന്നു. സര്‍ജറിക്ക് ശേഷം കിടപ്പിലായിരുന്നു ഒമ്പത് മാസത്തോളം…” ആന്‍സന്‍ പോള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *