Health

ഹൃദയവും പേസ്‌മേക്കറും; ആര്‍ക്ക് ? എപ്പോള്‍? എങ്ങനെ ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹൃദയധമനികളില്‍ തടസങ്ങളുണ്ടാകുമ്പോഴാണു ഹൃദ്‌രോഗം ഉണ്ടാകുന്നത്‌. ഹൃദയഭിത്തികളിലേക്ക്‌ വൈദ്യുതി എത്തിക്കുന്ന നേര്‍ത്ത വൈദ്യുതിനാരുകള്‍ ഹൃദയത്തിലുണ്ട്‌. ഇവയിലുണ്ടാകുന്ന തടസങ്ങളെയാണു ‘ഹാര്‍ട്ട്‌ ബ്ലോക്ക്‌ ‘എന്നു പറയുന്നത്‌. ഹൃദയാഘാതത്തോടു കൂടിയുണ്ടാകുന്ന പല ഹാര്‍ട്ട്‌ ബ്ലോക്കുകളും മരുന്നുകള്‍ കൊണ്ടു തുറക്കുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിനു പേസ്‌ മേക്കറിന്റെ സഹായം വേണ്ടിവരുന്നു. പേസ്‌ മേക്കര്‍ തന്നെ രണ്ടുവിധത്തിലുണ്ട്‌. താല്‌ക്കാലികമായി ശരീരത്തില്‍ ഘടിപ്പിക്കുന്ന പേസ്‌മേക്കര്‍. ഹാര്‍ട്ട്‌ ബ്ലോക്കുണ്ടാകുന്ന ഭൂരിഭാഗം രോഗികളിലും രണ്ടോ മൂന്നോ ദിവസത്തേക്കു മാത്രമേ പേസ്‌മേക്കറിന്റെ സഹായം ആവശ്യമുള്ളൂ. ഇങ്ങനെയുള്ള രോഗികളിലാണു താല്‌ക്കാലിക പേസ്‌മേക്കര്‍ നിക്ഷേപിക്കുന്നത്‌. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഹാര്‍ട്ട്‌ ബ്ലോക്ക്‌ മാറാതെ വരികയും ഹൃദയത്തിന്റെ താളമിടിപ്പ്‌ തീരെ കുറഞ്ഞു പോവുകയും ചെയ്യുമ്പോള്‍ രോഗിക്കു ബോധക്ഷയമോ കൂടെക്കൂടെയുള്ള തലചുറ്റലോ പെട്ടെന്നുള്ള മരണമോ സംഭവിക്കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണു സ്‌ഥിരമായ പേസ്‌മേക്കറിന്റെ ആവശ്യം വരുന്നത്‌.

എങ്ങനെ?

താല്‌ക്കാലികമെങ്കില്‍ കൈയിലോ കാലിലോ ഉള്ള ഒരു ഞരമ്പിലൂടെ പേസ്‌മേക്കര്‍ വയര്‍ ഹൃദയത്തിലെത്തിക്കുകയാണു ചെയ്യുന്നത്‌. പെര്‍മനന്റ്‌ പേസ്‌ മേക്കര്‍ ആകുമ്പോള്‍ ശരീരത്തിന്റെ തൊലിക്കടിയില്‍ സ്‌ഥിരമായി നിക്ഷേപിക്കുകയാണു ചെയ്യുന്നത്‌. സാധാരണയായി ഒരുമണിക്കൂര്‍ നീണ്ടുനില്‌ക്കുന്ന ഒരു ചെറിയ ശസ്‌ത്രക്രിയയിലൂടെ വളയസ്‌ഥിയുടെ താഴെയാണു പേസ്‌മേക്കര്‍ നിക്ഷേപിക്കുന്നത്‌. വെറും ലോക്കല്‍ അനസ്‌തീഷ്യ മാത്രം ആവശ്യമുള്ള ഒരു ഓപ്പറേഷന്‍ ആണിത്‌. മാത്രമല്ല രോഗിക്ക്‌ തീരെ വേദന അനുഭവപ്പെടാത്ത രീതിയിലാണ്‌ ഈ ശസ്‌ത്രക്രിയ ചെയ്യുന്നത്‌. പെര്‍മനന്റ്‌ പേസ്‌മേക്കര്‍ നിക്ഷേപിച്ച ശേഷം ഒരുദിവസത്തോളം രോഗിയെ ഇന്റന്‍സീവ്‌ കെയറില്‍ നിരീക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌. എട്ടോ ഒന്‍പതോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗിക്ക്‌ ആശുപത്രി വിടാനും ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനും സാധിക്കുന്നു.

നിക്ഷേപിച്ചതിനു ശേഷം?

പേസ്‌മേക്കര്‍ സ്‌ഥാപിച്ച ശേഷം ആശുപത്രി വിടുന്ന രോഗി ഒരു മാസത്തേക്ക്‌ ആഴ്‌ചയിലൊരിക്കല്‍ വീതവും അതിനുശേഷം മൂന്നുമാസത്തേക്ക്‌ മാസത്തിലൊരിക്കല്‍ വീതവും ഡോക്‌ടറെ കാണേണ്ടതാണ്‌. മൂന്നുമാസത്തിനും ആറുമാസത്തിനും ഇടയ്‌ക്കുള്ള കാലയളവിലാണു പേസ്‌മേക്കര്‍ റീപ്രോഗ്രാമിംഗ്‌ നടത്തേണ്ടത്‌. ഈ സമയത്ത്‌ പേസ്‌മേക്കറിന്റെ പ്രവര്‍ത്തനവും ബാറ്ററി ചാര്‍ജും പരിശോധിച്ചു നോക്കുകയും വേണ്ട മിനിമം ചാര്‍ജ്‌ ആക്കി അഡ്‌ജസ്‌റ്റ് ചെയ്യുകയും ചെയ്യുന്നു. പേസ്‌മേക്കറിന്റെ ബാറ്ററി ലൈഫ്‌ കൂട്ടാനുള്ള ഒരു ഉപാധിയാണിത്‌. സാധാരണ ഗതിയില്‍ പേസ്‌ മേക്കറിന്റെ ബാറ്ററി 13 മുതല്‍ 16 വര്‍ഷം വരെ നിലനില്‌ക്കുന്നതാണ്‌. ഈ കാലയളവില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം പേസ്‌മേക്കര്‍ ഘടിപ്പിച്ചിട്ടുള്ള രോഗികളെയെല്ലാം ചെക്കപ്പിനു വിധേയമാക്കുകയും ചെയ്യുന്നതാണ്‌. പേസ്‌മേക്കറിന്റെ പ്രവര്‍ത്തനത്തിന്‌ എന്തെങ്കിലും തകരാറുണ്ടോയെന്നും ബാറ്ററിയുടെ ചാര്‍ജ്‌ എത്രമാത്രം ബാക്കിയുണ്ടെന്നും ഈ പരിശോധനയിലൂടെ മനസിലാക്കാന്‍ സാധിക്കും.

ലൈഫ്‌ ഗാരന്റി ?

പേസ്‌മേക്കറിനുവേണ്ടി പണം മുടക്കികഴിഞ്ഞാല്‍ പേസ്‌മേക്കര്‍ കമ്പനിക്കാര്‍ ഒരു വാറന്റി കാര്‍ഡ്‌ രോഗിക്ക്‌ നല്‍കുന്നതാണ്‌. പതിമൂന്നോ പതിനാലോ വര്‍ഷങ്ങള്‍ക്കുശേഷം പേസ്‌ മേക്കര്‍ മാറ്റിവയ്‌ക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഈ ഗാരന്റി കാര്‍ഡ്‌ കാണിച്ചാല്‍ സൗജന്യമായിത്തന്നെ കമ്പനിക്കാര്‍ ഇതു മാറ്റിത്തരുന്നതാണ്‌. ഇതിനുവേണ്ടി രോഗി ജീവിതകാലം മുഴുവനും വാറന്റി കാര്‍ഡ്‌ സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്‌.

സൂക്ഷിക്കേണ്ട കാര്യങ്ങള്‍?

പെര്‍മനന്റ്‌ പേസ്‌മേക്കറിന്റെ പ്രവര്‍ത്തനം കാന്തത്തിന്റെ സാമീപ്യം മൂലം പരാജയം സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്‌. അതിനാല്‍ കാന്തികശക്‌തിയുള്ള ഉപകരണങ്ങള്‍ (റേഡിയോ, സെല്ലുലാര്‍ ഫോണ്‍ മുതലായവ) പേസ്‌മേക്കര്‍ വച്ചിരിക്കുന്ന ഭാഗത്ത്‌ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം. സി.ടി. സ്‌കാനോ എം.ആര്‍.ഐ. സ്‌കാനോ എടുക്കുന്നതിനു മുമ്പ്‌ പേസ്‌മേക്കര്‍ നിക്ഷേപിച്ചിരിക്കുന്ന വിവരം ഡോക്‌ടറെ അറിയിക്കേണ്ടത്‌ അത്യാവശ്യം. സാധാരണ രീതിയില്‍ എക്‌സ്റേ എടുക്കുന്നതിനോ വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ യാതൊരു രീതിയിലുള്ള തടസങ്ങളോ മുന്‍കരുതലുകളോ ആവശ്യമില്ല.

എപ്പോള്‍?

രണ്ടു രീതിയിലുള്ള ഹൃദയരോഗങ്ങള്‍ക്കാണ്‌ സാധാരണരീതിയില്‍ പേസ്‌മേക്കറിന്റെ ചികിത്സ ആവശ്യമായി വരുന്നത്‌.

  1. കംപ്ലീറ്റ്‌ ഹാര്‍ട്ട്‌ ബ്ലോക്ക്‌

ഹൃദയത്തിലെ വൈദ്യുതി നാരുകളിലെ തടസം മൂലമുണ്ടാകുന്നതാണ്‌.

  1. സിക്ക്‌ സൈനസ്‌ സിന്‍ഡ്രം

ഹൃദയത്തിനകത്തുതന്നെ സാധാരണയായി ഒരു പേസ്‌മേക്കര്‍ എല്ലാവര്‍ക്കുമുണ്ട്‌. ഈ പേസ്‌മേക്കര്‍ താളാത്മകമായി തീരെ ചെറിയ തോതില്‍ വൈദ്യുതി പ്രവഹിപ്പിക്കുമ്പോഴാണു ഹൃദയമിടിപ്പുണ്ടാകുന്നത്‌. ഹൃദയം താളത്തില്‍ സ്‌പന്ദിക്കുകയും വ്യായാമം ചെയ്യുമ്പോഴും വേഗത്തില്‍ നടക്കുമ്പോഴുമൊക്കെ താളാത്മകമായി ഹൃദയമിടിപ്പ്‌ കൂടുകയും വിശ്രമിക്കുമ്പോള്‍ ഹൃദയമിടിപ്പു കുറയുകയും ചെയ്യുന്നതും ഹൃദയത്തിനുള്ളില്‍ത്തന്നെ സ്‌ഥിതിചെയ്യുന്ന ഈ പേസ്‌മേക്കറിന്റെ പ്രവര്‍ത്തനം മൂലമാണ്‌. ഹൃദ്‌രോഗം മൂലമോ മറ്റസുഖങ്ങള്‍ മൂലമോ പേസ്‌മേക്കറിനു ക്ഷതം സംഭവിക്കുമ്പോള്‍ ഹൃദയമിടിപ്പ്‌ കുറഞ്ഞുപോകുകയും രോഗിക്കു തലകറക്കമോ ബോധക്ഷയമോ പെട്ടെന്നുള്ള മരണമോ ഉണ്ടാകുകയും ചെയ്യാം.

പ്രശ്‌നങ്ങള്‍?

99 ശതമാനം രോഗികള്‍ക്കും യാതൊരു രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടാവാറില്ല. ചുരുക്കമായി പേസ്‌മേക്കര്‍ നിക്ഷേപിച്ച ഭാഗത്ത്‌ പഴുപ്പോ ഹൃദയത്തിനുള്ളിലെ പേസ്‌മേക്കര്‍ വയറിനു സ്‌ഥാനചലനമോ സംഭവിക്കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മറ്റൊരു ഓപ്പറേഷനിലൂടെ പേസ്‌മേക്കര്‍ മാറ്റിവയ്‌ക്കേണ്ടത്‌ ആവശ്യമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *