എഫെസസിലെ ശവകുടീരത്തില്‍നിന്നു ലഭിച്ച ആ തലയോട്ടി ക്ലിയോപാട്രയുടെ സഹോദരി അര്‍സിനോയുടേതല്ലെന്ന് ഓസ്‌ട്രിയയിലെ ഗവേഷകരുടെ കണ്ടെത്തല്‍. കാരണം അത് ഒരു ആണ്‍കുട്ടിയുടേതാണ്. നൂറു വര്‍ഷം മുമ്പ് ശവകുടീരത്തില്‍നിന്നു ലഭിച്ച തലയോട്ടിയുടെ പ്രത്യേകത കണക്കിലെടുത്താണ് അതു ക്ലിയോപാട്രയുടെ സഹോദരിയുടേതാണെന്ന നിഗമനത്തിലെത്തിയത്. ആ നിഗമനത്തിനു പതിറ്റാണ്ടുകളോളം തിരുത്തലും ഉണ്ടായില്ല.
ബി.സി 205 നും 36 നും ഇടയിലാണ് ആ ആണ്‍കുട്ടി ജീവിച്ചിരുന്നത്. മരിക്കുമ്പോള്‍ 11 നും 14 നും ഇടയിലായിരുന്നു പ്രായം. ‘അവികസിതമായ മുകളിലെ താടിയെല്ല്’ ഉള്‍പ്പെടെയുള്ള പ്രത്യേകതകളും ശാസ്‌ത്രജ്‌ഞര്‍ തിരിച്ചറിഞ്ഞു. രോഗം മൂലം അവനു ഭക്ഷണം ചവയ്‌ക്കാന്‍ ബുദ്ധിമുട്ടായിരുന്നത്രേ. എന്തായാലും, അര്‍സിനോയുടെ ശവകുടീരത്തിനായുള്ള അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്. ബി.സി. 41 ലാണു എഫെസസില്‍ വച്ച് അര്‍സിനോ കൊല്ലപ്പെട്ടത്. ക്ലിയോപാട്രയുടെ സഹോദരിയായിരുന്നെങ്കിലും ഇരുവരും മികച്ച ബന്ധത്തിലായിരുന്നില്ല. അവര്‍ അര്‍ധസഹോദരിയായിരുന്നെന്ന വാദവുമുണ്ട്.
1929 ല്‍ ഓസ്‌ട്രിയന്‍ പുരാവസ്‌തുഗവേഷകനായ ഡോ. ജോസഫ് കെയിലും സഹപ്രവര്‍ത്തകരുമാണു അഷ്‌ടഭുജത്തിന്റെ രൂപത്തിലുള്ള ശവകുടീരം കണ്ടെത്തിയത്. തലയോട്ടി വിശകലനത്തിനായി എടുത്തെങ്കിലും ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഉപേക്ഷിച്ചു. പിന്നീടാണ് ആ തലയോട്ടി ക്ലിയോപാട്രയുടെ സഹോദരിയുടേതാണെന്ന നിഗമനമുണ്ടായത്.
1950 കളുടെ തുടക്കത്തില്‍ നടത്തിയ പഠനങ്ങള്‍ അര്‍സിനോയിലേക്കെത്തി. അസ്‌ഥികളെ ആര്‍സിനോയുമായി ബന്ധിപ്പിച്ചത് സാഹചര്യത്തെളിവുകളാണെന്ന് അന്നു വാദം ഉയര്‍ന്നിരുന്നു. എന്നാല്‍, തുടര്‍ നടപടിയുണ്ടായില്ല. പിന്നീട് ഡി.എന്‍.എ അടക്കം പരിശോധിക്കുകയായിരുന്നു. കാര്‍ബണ്‍ 14 ഡേറ്റിങ്ങും ഗവേഷകര്‍ ഉപയോഗിച്ചു. തലയോട്ടിയില്‍നിന്നു ലഭിച്ച ജീനുകള്‍ ഇറ്റലി/സാര്‍ഡിനിയ വംശജനെന്ന സൂചനയാണു നല്‍കുന്നത്. ഈജിപ്‌തിലെ പ്രധാനപ്പെട്ട വ്യക്‌തികള്‍ക്കാണു അഷ്‌ടഭുജ ശവകുടീരം നല്‍കുന്നത്. എഫെസോസില്‍ താമസിച്ചിരുന്ന റോമന്‍ വംശജനാകാമെന്നാണ് ഒരു നിഗമനം.
ലോകത്തിന് ക്ലിയോപാട്ര പരിചിതയാണ്. എന്നാല്‍, ഈജിപ്‌തിലെ ടോളമിക് രാജവംശത്തിലെ അവസാന അംഗങ്ങളില്‍ ഒരാളായ അര്‍സിനോയെ അധികമാരും അറിയില്ല. ബി.സി. 30ല്‍ റോമന്‍ റിപ്പബ്ലിക്കില്‍ ലയിക്കപ്പെടുന്നതുവരെ പുരാതന ഈജിപ്‌തിനെ നിയന്ത്രിച്ചിരുന്ന രാജകുടുംബമായിരുന്നു ടോളമിക് രാജവംശം. ടോളമി പന്ത്രണ്ടാമന്‍ ഔലെറ്റസ് രാജാവിന്റെ പുത്രിമാരായിരുന്നു ആര്‍സിനോയും ക്ലിയോപാട്രയും. ചില ചരിത്രകാരന്മാര്‍ അവര്‍ ഒരമ്മയുടെ മക്കളാണെന്നു വിശ്വസിക്കുന്നു. ബി.സി. 47ല്‍ നൈല്‍ യുദ്ധത്തില്‍ ടോളമി പതിമൂന്നാമനെ പരാജയപ്പെടുത്തിയതിനെത്തുടര്‍ന്ന് ജൂലിയസ് സീസര്‍ ആര്‍സിനോയെ റോമിലേക്ക് യുദ്ധത്തടവുകാരിയായി കൊണ്ടുപോയി. പിന്നീട് മാര്‍ക്ക് ആന്റണിയുടെ നിര്‍ദേശപ്രകാരം ബി.സി. 41ല്‍ എഫെസസില്‍ വച്ച് അവരെ വധിച്ചു.