താടി ഒരു ട്രെന്‍ഡാണിപ്പോള്‍. ലോകവ്യാപകമായി ആളുകള്‍ താടി വളര്‍ത്തുന്ന മാസമാണിത്. കേട്ടിട്ടില്ലേ നോ ഷേവ് നവംബര്‍. എന്നാല്‍ ഈ താടിയില്‍ അല്‍പം നന്മയുണ്ട്. ഒരു മാസം ഷേവ് ചെയ്യാനുള്ള കാശ് ഇവര്‍ പുരുഷ ആരോഗ്യപ്രശ്നങ്ങളായ പ്രോസ്ട്രേറ്റ് കാന്‍സര്‍ തുടങ്ങിയവയുടെ ബോധവല്‍കരണത്തിനും ചികില്‍സയ്ക്കുമായി ചെലവഴിക്കും.
സമാനരീതിയിലുള്ള ഒരു ആഘോഷം ഓസ്ട്രേലിയയിലുണ്ട്. എന്നാല്‍ അവിടെ താടിയല്ല, മറിച്ച് മീശയാണ് വളര്‍ത്തുന്നത്. ഈ ആഘോഷം അറിയപ്പെടുന്നതാവട്ടെ മോവെംബര്‍ എന്ന പേരിലാണ്. ഇതിന്റെ ലക്ഷ്യം പുരുഷാരോഗ്യത്തിനെ കുറിച്ചുള്ള ബോധവത്കരണമാണ്. ഈ ക്യാംപെയ്ന് തുടക്കമായത് 2003ലാണ്. ലോകത്ത് പല താടി സ്‌റ്റൈലുകളുമുണ്ട്. അതില്‍ ബാല്‍ബോ എന്ന സ്റ്റൈല്‍ വളരെ അധികം ഫേമസായിരുന്നു.അയണ്‍മാന്‍, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ റോബര്‍ട്ട് ഡൗണി ജൂനിയറാണ് ബാല്‍ബോയെ ഇത്രയ്ക്ക് പ്രശ്സ്തമാക്കിയത്.
ഇനി പഴയ ചിന്തകരുടെയും ബുദ്ധിജീവികളുടെയും ഇടതൂര്‍ന്ന താടി കണ്ടിട്ടില്ലേ. ഇതിന്റെ ഒരു പരിഷ്കൃത രൂപമാണു ബാന്ദോള്‍സ് സ്റ്റൈല്‍. പ്രമുഖ താടിക്കാരനായ എറിക് ബന്ദോള്‍സാണ് ഈ സ്റ്റൈല്‍ കൊണ്ടുവന്നത്. താടിവടിക്കാൻ ആവശ്യപ്പെട്ടതോടെ മികച്ച ശമ്പളം ലഭിച്ച തന്റെ ജോലി കളയുകയും ചെയ്തു ബന്ദോള്‍സ്. പഴയകാല ഗോട്ടീ, ബുള്‍ഗാന്‍ തുടങ്ങിയ താടികളുടെ പുതുരൂപമായ സര്‍ക്കിള്‍ താടി , എക്സ് മെന്‍ വോവറീന്‍ എന്ന ചിത്രത്തിലൂടെ ലോകപ്രസിദ്ധമായ ഫ്രണ്ട്‌ളി മട്ടണ്‍ ചോപ്സ് കൃതാവില്‍ നിന്നു താഴേക്ക് ഷേവ് ചെയ്ത ബാക്കി ഭാഗങ്ങളില്‍ താടി നിര്‍ത്തുന്ന എക്സ്റ്റന്‍ഡഡ് ഗോട്ടി തുടങ്ങിയവയൊക്കെ പ്രശസ്തമായ താടികളാണ്.
എന്തിന് പറയണം അമിത് ബച്ചന്റെ താടി വളരെ പ്രശസ്തമല്ലേ. എന്നാല്‍ ഒരു കാലത്ത് അദ്ദേഹത്തിന് താടി ഉണ്ടായിരുന്നില്ല. മൊഹബതേന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി താടി വെച്ചത്. പല മാറ്റങ്ങളുണ്ടായെങ്കിലും പിന്നീട് താടി അദ്ദേഹത്തിന്റെ മുഖത്ത് നിന്നും പോയിട്ടില്ല.