Hollywood

ഹോളിവുഡിലെ പുതിയ സെന്‍സേഷന്‍ സെന്‍ഡായ; ചലഞ്ചേഴ്‌സിന് വാങ്ങിയത് വമ്പന്‍ പ്രതിഫലം

ഇന്ന് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന അഭിനേതാക്കളില്‍ ഒരാളാണ് സെന്‍ഡയ. വരാനിരിക്കുന്ന ചലഞ്ചേഴ്സ് എന്ന ചിത്രത്തിനായുള്ള അവളുടെ പ്രതിഫലം ഇതിന് തെളിവാണ്. ടെന്നീസ് അധിഷ്ഠിത സിനിമയായ ചലഞ്ചേഴ്സില്‍ അഭിനയിച്ചും നിര്‍മ്മാണ പങ്കാളിയായും സെന്‍ഡയ 10 ദശലക്ഷംഡോളര്‍ പ്രതിഫലം സമ്പാദിച്ചതായി വെറൈറ്റി റിപ്പോര്‍ട്ട് പറയുന്നു.

ഭര്‍ത്താവ് ആര്‍ട്ട് ഡൊണാള്‍ഡ്സണ്‍ (മൈക്ക് ഫൈസ്റ്റ്), മുന്‍ കാമുകന്‍ പാട്രിക് സ്വീഗ് (ജോഷ് ഒകോണര്‍) എന്നിവരുമായുള്ള പ്രണയ ത്രികോണത്തില്‍ കുടുങ്ങിയ മുന്‍ ടെന്നീസ് പ്രതിഭയായ താഷി ഡങ്കനെയാണ് 27 കാരി അവതരിപ്പിക്കുന്നത്. ചലഞ്ചേഴ്സിലെ പ്രധാന വേഷം കൂടാതെ, ആമി പാസ്‌കല്‍, റേച്ചല്‍ ഒ’കോണര്‍, ഗ്വാഡാഗ്‌നിനോ എന്നിവര്‍ക്കൊപ്പം സെന്‍ഡയ നിര്‍മ്മാണ പങ്കാളിയുമാണ്.

ഒരു അഭിമുഖത്തില്‍, നിര്‍മ്മാതാവായി മാറിയ അനുഭവത്തെക്കുറിച്ച് സെന്‍ഡയ തുറന്നുപറഞ്ഞു. ”ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്തോറും അതിന്റെ പുറകില്‍ ഇരിക്കുന്നത് ഞാന്‍ കൂടുതല്‍ ആസ്വദിക്കുന്നു.” സെന്‍ഡയ പറഞ്ഞു. സിനിമയില്‍ ടെന്നീസ് താരമായിഅഭിനയിക്കുന്ന നടി അതിന്റെ പൂര്‍ണ്ണതയ്ക്കായി ടെന്നീസിലെ ലോകചാംപ്യന്‍ വീനസ് – സെറീന സഹോദരിമാരുടെ സഹായം തേടിയിരുന്നു.

ആദ്യ വാരാന്ത്യത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ ചിത്രം 12 മില്യണ്‍ മുതല്‍ 15 മില്യണ്‍ ഡോളര്‍ വരെ കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷ. 2023-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യാനും കഴിഞ്ഞ വര്‍ഷം വലിയ സ്‌ക്രീനില്‍ എത്താനും തീരുമാനിച്ചിരുന്നെങ്കിലും ഹോളിവുഡിലെ അഭിനേതാക്കളുടെ സമരം മൂലം സിനിമയുടെ പ്രമോഷന് സെന്‍ഡയയ്ക്കും കൂട്ടര്‍ക്കും കഴിയാതിരുന്നതിനാല്‍ ആമസോണും എംജിഎം അതിന്റെ റിലീസ് 2024-ലേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 26നാണ് ഇപ്പോള്‍ റിലീസ് ചെയ്യുന്നത്.