പലരേയും വളരെ പ്രശ്നത്തിലാക്കുന്ന ഒന്നാണ് സൈനസ്. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. അവയുടെ ഉള്‍ഭാഗത്തുണ്ടാകുന്ന നീരുവീഴ്ചയാണ് സൈനസൈറ്റിസ്. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയുടെ ബാധ മൂലവും അലര്‍ജി മൂലവുമാണ് സാധാരണ സൈനസൈറ്റിസ് ഉണ്ടാകാറ്. മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വളവും ഇതിനു കാരണമായി പറയുന്നുണ്ട്.
അക്യൂട്ട്, ക്രോണിക് എന്നീ രണ്ടു തരത്തിലാണ് സൈനസൈറ്റിസ്. 12 ആഴ്ചയെങ്കിലും മാറാതെ നില്‍ക്കുന്നതാണ് ക്രോണിക് സൈനസൈറ്റിസ്. കടുത്ത തലവേദനയാണ് പ്രധാന ലക്ഷണം. അണുബാധയുള്ള സൈനസ് ഏതു ഭാഗത്താണോ അതിന് അനുബന്ധമായാകും തലവേദന. കഫം തൊണ്ടയിലേക്ക് ഇറങ്ങിവരിക, ഒച്ചയടപ്പ്, ഗന്ധമറിയാനുള്ള ശേഷി കുറയുക എന്നിവയും വരാം. തലവേദനയാണോ പല്ലുവേദനയാണോ എന്നറിയാന്‍ പറ്റാത്ത തരം വേദന, നെറ്റിയിലോ പുരികത്തിനിടയിലോ കണ്ണിനു താഴെയോ കവിളിന്റെ ഭാഗത്തോ അനുഭവപ്പെടുന്ന വേദന, ഒന്നു കുനിഞ്ഞാല്‍ തല പൊട്ടിപ്പോകുന്നതുപോലെ തോന്നുന്ന അവസ്ഥയൊക്കെ ഇതിന് ഉണ്ടാകാം.
സൈനസ് പ്രതിരോധിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം…
* രണ്ടു തുള്ളി നല്ലെണ്ണ മൂക്കില്‍ ഇറ്റിക്കുന്നത് സൈനസൈറ്റിസിന്റെ ആരംഭഘട്ടത്തില്‍ പ്രയോജനം ചെയ്യും.
* പല്ലിന് പ്രശ്നമുള്ളവര്‍ ആരംഭത്തില്‍ ചികിത്സിക്കാതിരുന്നാല്‍ അണുബാധ സൈനസുകളിലേക്കു വ്യാപിക്കാം.
* അലര്‍ജി മൂലം ശ്ലേഷ്മം കൂടുതലായി ഉല്പാദിപ്പിക്കുന്നവര് തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കുന്നത് കഫശല്യം കുറയ്ക്കാന്‍ സഹായിക്കും.
* അലര്‍ജിയുള്ളവര്‍ കഫം കെട്ടിക്കിടക്കാതെ അലിഞ്ഞു പോകാന്‍ ചെറുചൂടു വെള്ളം ധാരാളം കുടിക്കണം.
* മൂക്കില്‍ ദശ വളര്‍ച്ച ഉള്ളവരും പാലം വളഞ്ഞിരിക്കുന്നവരും മൂക്കടപ്പ് തുടങ്ങുമ്പോഴേ ആവി പിടിക്കണം.
* സൈനസൈറ്റിസിനു സാധ്യത കൂടിയവര്‍ പുകവലി ഒഴിവാക്കണം.
* ഉപ്പുലായനി കൊണ്ട് മൂക്കു കഴുകുന്നതും ഗുണം ചെയ്യും.