Good News

അന്നത്തെ കൂലിപ്പണിക്കാരന്‍ ഇന്ന് ഡി.എസ്.പി.; ഇത് സന്തോഷ് പട്ടേലിന്റെ പോരാട്ടത്തിന്റെ കഥ

കഷ്ടപാടില്‍ നിന്നും വളര്‍ന്നുവന്ന് ഇന്ന് ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി ആളുകളെ നമ്മുക്കറിയാം. അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിയാണ് സന്തോഷ് പട്ടേല്‍ എന്ന യുവാവ്. മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് തന്റെ ജീവിതസാഹചര്യങ്ങള്‍ മൂലം പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നു. തുടര്‍ന്ന് കൂലിപ്പണിക്കും, ഇഷ്ടിക പണിക്കും അയാള്‍ പോയി തുടങ്ങി. 

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിന് ശേഷം സര്‍ക്കാര്‍ കോളേജില്‍ എന്‍ജിനീയറിംഗ് പഠനത്തിന് ചേര്‍ന്നെങ്കിലും കൂടുതല്‍ പണം സമ്പാദിക്കണം എന്ന ആഗ്രഹം കാരണം വീണ്ടും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സന്തോഷ് തീരുമാനിച്ചു. എന്നാല്‍ ആഗ്രഹങ്ങള്‍ നേടിയെടുക്കാനുള്ളതാണല്ലോ? അതിനാല്‍ മുടങ്ങിയ പഠനം സന്തോഷ് പുനരാരംഭിച്ചു. പിന്നീട് ലോകം സാക്ഷിയായത് സന്തോഷ് പട്ടേലിന്റെ ആരെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള വളര്‍ച്ചയ്ക്കായിരുന്നു.

15 മാസത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ എംപിപിസിഎസ് പരീക്ഷ പാസായ ഡിഎസ്പി സന്തോഷ് പട്ടേലിന്റെ കഥ സോഷ്യല്‍ മീഡിയയിലെങ്ങും ആളുകളെ ആവേശഭരിതരാക്കി. 2015 ഓഗസ്റ്റ് 3 ന് പഠിക്കാന്‍ തുടങ്ങിയ അദ്ദേഹം 2016 ഒക്ടോബര്‍ 1-ന് ഡിഎസ്പിയുടെ ഫൈനലിലെത്തി. ആ 15 മാസങ്ങള്‍ എങ്ങനെ കടന്നുപോയി എന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. കോച്ചിംഗിന് പോലും പോകാതെ സ്വയം പഠിക്കുകയാണ് സന്തോഷ് ചെയ്തത്. 2018 ലാണ് അദ്ദേഹം ഗ്വാളിയാറില്‍ ഡിഎസ്പിയായി പോസ്റ്റിംഗ് നേടിയത്.